ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതീവസുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ മുകളിലൂടെ ഡ്രോൺ പറന്നതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. ചാണക്പുര്യയിലെ ലോക് കല്യാണ്‍ മാര്‍ഗ് മേഖലയിലുള്ള വസതിയിലാണ് വെളുപ്പിന് അഞ്ചിന് ഡ്രോണ്‍ പറന്നത്. അതീവ സുരക്ഷാ മേഖലയായതിനാൽ ഇവിടെ ഡ്രോൺ പറത്താൻ അനുമതിയില്ല.
തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്(എസ് പി ജി) വിവരം ഡൽഹി പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഡ്രോണിനെക്കുറിച്ച് സൂചനകൾ ലഭിച്ചില്ലെന്നാണ് വിവരം. റെഡ് നോ ഫ്ളൈ സോൺ അഥവാ നോ ഡ്രോൺ സോണിലാണ് പ്രധാനമന്ത്രിയുടെ വസതിയുള്ളത്. ഇവിടെ ആന്റി ഡ്രോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയാണ് ഡ്രോണിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ‘പ്രധാനമന്ത്രിയുടെ വസതിയുടെ മുകളിലൂടെ ഡ്രോൺ പറത്തി എന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പുലർച്ചെ 5.30ഓടെ എസ്പിജി വിവരം അറിയിച്ചു. അന്വേഷണം നടന്നുവരികയാണ്.’ ഡൽഹി പൊലീസ് പ്രതികരിച്ചു.