തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിലടക്കം മന്ത്രി കെ.ബി.ഗണേശ് കുമാർ നിലപാടിൽ അയവുവരുത്തിയതോടെ രണ്ടാഴ്ചയിലധികം നീണ്ട ഡ്രൈവിംഗ് സ്കൂളുകളുടെ സമരം പിൻവലിച്ചു. ഇന്നുമുതൽ ടെസ്റ്റ് തടസമില്ലാതെ നടക്കും. ഇന്നലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധാരണ.
മേയ് ഒന്നുമുതൽ നടത്താൻ ശ്രമിച്ച പരിഷ്കാരങ്ങൾ കൂടുതൽ ചർച്ചയ്ക്കു ശേഷമേ നടപ്പാക്കൂ.ആദ്യം റോഡ് ടെസ്റ്റ് തുടർന്ന് ‘എച്ച്’ എന്ന പരിഷ്കാരം പിൻവലിച്ച് പഴയപടിയാക്കി. ഒരു ഓഫീസിനു കീഴിൽ 40 ടെസ്റ്റുകൾ മാത്രം മതിയെന്ന നിർദ്ദേശം ഒഴിവാക്കി രണ്ട് എം.വി.ഐമാരുള്ള ഓഫീസുകളിൽ ഒരാൾ 40 എന്ന ക്രമത്തിൽ 80 ടെസ്റ്റുകൾ നടത്താൻ ധാരണയായി. ഒരു എം.വി.ഐ മാത്രമുള്ള ഓഫീസുകളിൽ അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് ഒരാളെ ക്രമീകരിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും.
ഇരുചക്രവാഹനങ്ങളിൽ ഹാൻഡിൽ ബാറിലെ ഗിയറിന് പകരം കാലിൽ പ്രവർത്തിക്കാവുന്ന ഗിയർ വേണമെന്നത് മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കും. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപരിധി 15 എന്നത് 18 വർഷമാക്കി. ഇരട്ട നിയന്ത്രണമുള്ള വാഹനങ്ങൾ (രണ്ട് ക്ലച്ച്, രണ്ട് ബ്രേക്ക് ) ടെസ്റ്റിന് ഉപയോഗിക്കാം.