ഉത്തരകാശി : സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനു വീണ്ടും മുടക്കം. കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീൽ പാളികളും തടസമായതോടെ ഓഗർ മെഷീന്റെ പ്രവർത്തനം നിർത്തി വച്ചു. ഈ അവശിഷ്ടങ്ങൾ ഡ്രില്ലിങ് മെഷീന്റെ ബ്ലെയ്ഡിൽ കൊള്ളുന്നതാണ് തടസമാകുന്നത്. ദൗത്യം ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ.
50 മീറ്ററോളം ദൂരമാണ് ഇതുവരെ തുരന്നത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളികളും മുറിച്ചു നീക്കാനാണ് ശ്രമം നടക്കുന്നത്. ഇവ മാറ്റിയാൽ മാത്രമേ ഡ്രില്ലിങ് പുനരാരംഭിക്കാൻ സാധിക്കു.
ഓഗര്‍ ഡ്രില്ലിങ് മെഷീനില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡ്രില്ലിങ് ജോലികള്‍ ഇന്നലെ രാത്രി വൈകിയും നിര്‍ത്തിവച്ചിരുന്നു. ഓഗര്‍ മെഷീന്റെ ബ്ലേഡുകള് പൊട്ടിയതോടെ ആണ് രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. പിന്നീട് ഇന്ന് വൈകീട്ട് മുതലാണ് വീണ്ടും ആരംഭിച്ചത്. പിന്നാലെയാണ് പുതിയ തടസം.
ടണലില്‍ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അന്വേഷിച്ചു. ഇന്ന് രാവിലെയുള്ള ഭക്ഷണവും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദീപാവലി ദിനത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് 41 തൊഴിലാളികളെ പന്ത്രണ്ടാം ദിനം പുറത്തെടുക്കാന്‍ കഴിയുമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നിട്ടും പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ ദൗത്യം ലക്ഷ്യം കണ്ടില്ല. ഒന്നിലേറെ തവണ യന്ത്രം തകരാറിലായതും വിലങ്ങ് തടിയായ ലോഹ പാളികള്‍ നീക്കം ചെയ്യാന്‍ സമയം കൂടുതല്‍ എടുത്തതും രക്ഷാ പ്രവര്‍ത്തനം നീളാന്‍ കാരണമായി.