തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് പ്രഫസറായ ഡോ. വിപി ജഗദിരാജാണ് പുതിയ വൈസ് ചാന്‍സിലര്‍. കോടതിയില്‍ കേസുള്ളതിനാല്‍ അന്തിമ തീരുമാനം കോടതി വിധി അനുസരിച്ചായിരിക്കുമെന്ന് രാജ്ഭവന് അറിയിച്ചു.
ഓപ്പണ്‍ സര്‍വകലാശാല വിസി രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയശേഷമാണ് രാജി സ്വീകരിച്ചത്. ഗവര്‍ണര്‍ നടത്തിയ ഹിയറിങ്ങില്‍ ഓപ്പണ്‍ സര്‍വകലാശാല വിസി പങ്കെടുത്തിരുന്നില്ല. കോടതി നിര്‍ദേശപ്രകാരമാണ് ഓപ്പണ്‍, ഡിജിറ്റല്‍, കാലിക്കറ്റ്, സംസ്കൃത സര്‍വകശാല വിസിമാരുമായി ഗവര്‍ണര്‍ ഹിയറിങ് നടത്തിയത്.നാലു വിസിമാരും അയോഗ്യരാണെന്നായിരുന്നു ഹിയറിങ്ങിനു ശേഷമുള്ള ഗവര്‍ണറുടെ നിലപാട്. ചട്ടങ്ങള്‍ പാലിക്കാതെ നിയമിച്ച വിസിമാര്‍ അയോഗ്യരാണെന്ന് യുജിസിയും നിലപാടെടുത്തു. ഡിജിറ്റല്‍ സര്‍വകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായിരുന്നു. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സര്‍വകലാശാല വിസിയുടെ അഭിഭാഷകന് ഓണ്‍ലൈനിലൂടെ ഹാജരായി. ഹിയറിങിനുശേഷം രണ്ട് വൈസ് ചാന്‍സര്‍മാരെകൂടി പുറത്താക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിരുന്നു. കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വിസിമാരെയാണ് പുറത്താക്കിയത്.