കൊല്ലം: ഡോ. വന്ദനാ ദാസ് കൊലപാതകക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. സ്ഥിരം മദ്യപനായ പ്രതി ബോധപൂര്‍വം ആക്രമണം നടത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.
കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് അന്വേഷിച്ച കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 1,050 പേജുകളും136 സാക്ഷി മൊഴികള്‍ ഉള്‍പ്പെടുന്നു.ഇക്കഴിഞ്ഞ മേയ് 10ന് ആണ് മനുഷ്യമനഃസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. അന്നേ ദിവസം പുലര്‍ച്ചെ 4.50ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡ്യൂട്ടിയിലായിരുന്ന ഡോ. വന്ദനയെ ചികിത്സക്കെത്തിയ യുവാവ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊലീസുകാരടക്കം അഞ്ച് പേരെ പ്രതി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി. സന്ദീപിനെ(43) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ കസ്റ്റഡി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.