കൊച്ചി: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
മാതാപിതാക്കളുടെ ആവശ്യങ്ങളിന്മേല് സംസ്ഥാന പോലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചേക്കും. കേസിലെ ഏകപ്രതി സന്ദീപിനെ പിടികൂടി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്കിയ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
കഴിഞ്ഞ മേയ് 10ന് പുലര്‍ച്ചെ ആണ് ഡോ. വന്ദനാ ദാസ് ആക്രമിക്കപ്പെടുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡ്യൂട്ടിയിലായിരുന്ന ഡോ. വന്ദനയെ പോലീസ് ചികിത്സക്കെത്തിച്ച സന്ദീപ് കുത്തി കൊലപ്പെടുത്തുകയായിരുന്നു.വന്ദനയുടെ ശരീരത്തില്‍ 26 മുറിവുകളാണ് ഉണ്ടായിരുന്നത്. പോലീസുകാരടക്കം അഞ്ച് പേരെ പ്രതി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.