കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് വധക്കേസിന്റെ കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. കേസ് അന്വേഷിച്ച കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഇക്കഴിഞ്ഞ മേയ് 10ന് ആണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്.
പുലര്‍ച്ചെ 4.50ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡ്യൂട്ടിയിലായിരുന്ന ഡോ. വന്ദനയെ ചികിത്സക്കെത്തിയ യുവാവ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രതിയായ കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി. സന്ദീപിനെ(43) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ സന്ദീപ് കസ്റ്റഡിയില്‍ തുടരുന്ന സാഹചര്യത്തില്‍ തന്നെ വിചാരണയും ആരംഭിക്കും. ഡോ. വന്ദനയെ വധിക്കുകയും പൊലീസുകാരടക്കം അഞ്ച് പേരെ പ്രതി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വന്ദനയുടെ ശരീരത്തില്‍ 26 മുറിവുകളാണ് ഉണ്ടായിരുന്നത്. സന്ദീപിന് മാനസിക രോഗങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കുന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പമുണ്ട്.
കേസ് അതിവേഗ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടേക്കും. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.