2018 ലെ പ്രളയത്തിന് ശേഷം കേരളത്തിന്റെ സമൂലമായ പുനർനിർമാണം സർക്കാർ ഒരു ദൗത്യമായി ഏറ്റെടുത്തപ്പോൾ അതിന്റെ ചുമതല വഹിച്ച വ്യക്തിയാണ് നിയുക്ത കേരള ചീഫ് സെക്രട്ടറി ഡോ.വി വേണു. കെടിഎം , ഉത്തരവാദിത്വ ടൂറിസം തുടങ്ങി കേരള ടൂറിസം മേഖലയിൽനിർണായക ചുവടുവെയ്പുകൾക്ക് ഭാവനാ പൂർണമായ തുടക്കമിട്ട ഐ.എ.എസ് ഓഫിസർ. സർക്കാരിന് ഏറ്റവുമധികം വിശ്വാസത്തിൽ എടുക്കാവുന്ന ഒരാൾ തന്നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജെ വിദ്യാർത്ഥിയായിരുന്ന ഡോ വി വേണു.
1990-ൽ ബാച്ച് ഉദ്യോഗസ്ഥനായ ഡോ. വേണു കേന്ദ്ര,കേരള സർക്കാറുകളില്‍ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ടൂറിസം ഡയറക്ടറായും പിന്നീട് ടൂറിസം വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവൽ മാർട്ടായ കേരള ട്രാവൽ മാർട്ട് വേണുവിന്റെ ആശയമാണ്. ടൂറിസം മന്ത്രാലയത്തിന്റെ ‘ഇൻക്രെഡിബിൾ ഇന്ത്യ’ കാമ്പെയ്ൻ ആവിഷ്കരിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. കേരളാ ടൂറിസത്തിനു നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടിത്തന്ന ഉത്തരവാദിത്ത ടൂറിസം തുടങ്ങിയതും വി വേണുവാണ്. കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്പെഷ്യൽ ഓഫീസറായിരുന്നു. പ്രളയത്തിന് ശേഷം കേരള പുനർനിർമ്മാണത്തിന്റെ ചുമതലയും സർക്കാർ നൽകിയത് വി വേണുവിനാണ്. നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട്, കൺസർവേഷൻ ആൻഡ് മ്യൂസിയോളജിയിൽ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
പാലാ സബ്കളക്ടറായിട്ടായിരുന്നു ഡോ . വേണുവിന്റെ തുടക്കം. 1993 ഇൽ മൂവാറ്റുപുഴ സബ്കലക്ടറായി. സെക്രട്ടറി (എക്സൈസ് ) ബോർഡ് ഓഫ് റെവെന്യൂ, ഡയറക്ടർ ഡിപാർട്ട്മെന്റ് ഓഫ് എംപ്ലോയ്മെന്റ് & ട്രെയിനിങ്, എം.ഡി ബേക്കൽ റിസോർട്ട് ഡെവെലൊപ്മെന്റ് കോർപ്പൊറേഷൻ കണ്ണൂർ ജില്ല കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി,സ്പെഷ്യൽ ഓഫീസ്സർ എൻ ആർ ഐ സെല്ല് നോർക , സാംസ്കാരിക വകുപ്പ് സെക്രട്ടറി, എന്നിങ്ങനെ നിരവധി തസ്തികകളിൽ സേവനമനുഷ്ഠിച്ചു. കേന്ദ്രടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും എക്സൈസ്സ് കമ്മീഷണറായും സേവനം അനുഷ്ഠിച്ചു. റീബിൽഡ് കേരളയിൽ ചീഫ് എക്സിക്ക്യൂട്ടിവ് ഓഫീസ്സറായും സേവനമനുഷ്ഠിച്ചു. ശേഷം പ്ലാനിങ് & എക്കണോമിക്ക്സ് അഫ്ഫെയറിന്റെ അഡീഷനൽ ചീഫ് സെക്രെട്ടറിയായും സ്റ്റേറ്റ് പ്ലാനിങ ബോർഡിന്റെ മെംബെർ സെക്രട്ടറിയായും പ്രവർത്തിച്ചു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. നിലവിൽ ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിയാണ്.
2024 ഓഗസ്റ്റ് 31 വരെ സർവീസുണ്ട് വി വേണുവിന്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഭാര്യ. മക്കൾ: കല്യാണി ശാരദ, ആർട്ടിസ്റ്റ് ശബരി വേണു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്ന വാസുദേവപണിക്കരുടേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. പി ടി രാജമ്മയുടേയും മകനാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിയായിരിക്കെ കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അഭിനേതാവും എഴുത്തുകാരനുമാണ്.