തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമതു ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും പൊലീസ് മേധാവിയായി ഷെയ്ക് ദർവേഷ് സാഹിബും ഇന്നു ചുമതലയേൽക്കും. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി. ജോയി ഇന്നു വിരമിക്കുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ചു സർവീസ് നീട്ടി നൽകിയ പൊലീസ് മേധാവി അനിൽ കാന്തിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാലുമാണ് പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും ചുമതലയേൽക്കുന്നത്.
ഇന്നു വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കും പോലീസ് മേധാവി അനിൽ കാന്തിനും യാത്രയയപ്പു നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ നടക്കുന്ന ചടങ്ങിൽ ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കും. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ അടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്ക് ദർവേഷ് സാഹിബ് ഇന്നു വൈകുന്നേരം അഞ്ചിന് പൊലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും. നിലവിലെ പൊലീസ് മേധാവി അനിൽകാന്തിൽ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങിയാണ് ചുമതലയേൽക്കുന്നത്.സ്ഥാനാരോഹണ ചടങ്ങിനു തൊട്ടു മുൻപ് അനിൽകാന്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയിൽ ആദരം അർപ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും.
|