കൊച്ചി : യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം നല്കി. വിദ്യാര്‍ത്ഥിയെന്ന പരിഗണനയില്‍ ഉപാധികളോടെയാണ് ജാമ്യം. സസ്പെന്ഷന് പിന്‍വലിക്കുന്നതില്‍ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
റുവൈസിന്റെ പാസ്പോര്‍ട്ട് പൊലീസില്‍ നല്‍കണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഉത്തരവിട്ടു. തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്.
ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും, ഈ മാസം 12 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് താനെന്നും റുവൈസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു.
ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മികച്ച അക്കാദമിക് ബാക്ക്ഗ്രൗണ്ടുള്ള, പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന വ്യക്തിയെയാണ് സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.