തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് പിടിയിൽ. ഡോ. റൂവൈസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന ഇയാളെ ഇന്ന് പുലർച്ചെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇതിനു ശേഷം അറസ്റ്റിലേക്ക് കടക്കും.ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. പിജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു ഇയാൾ. ബുധനാഴ്ച റുവൈസിനെതിരെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഉയർന്ന സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ആരോപണങ്ങൾക്ക് പിന്നാലെ പിജി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റുവൈസിനെ പുറത്താക്കി. സംഭവത്തിൽ ഡോക്ടർ ഷഹനയുടെ ബന്ധുക്കൾ നാളെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകും.ചൊവ്വാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശി ഷഹനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹാന കുറിച്ചിരുന്നു. ഷഹാനയുടെയും റുവൈസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഷഹാനയുടെ മരണത്തെ തുടർന്ന് പൊലീസ് സഹോദരന്റെയടക്കം മൊഴിയെടുത്തിരുന്നെങ്കിലും സ്ത്രീധനപീഡനമാണ് യുവതി ജീവനൊടുക്കിയതിന് പിന്നിലെന്ന് വ്യക്തമായിരുന്നില്ല.