ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ്. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രിയ വര്‍ഗീസ് തടസ്സഹര്‍ജി നല്‍കിയത്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് കഴിഞ്ഞദിവസം ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. പ്രിയ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടായിരുന്നു വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.