ചെന്നൈ: ഹരിത വിപ്ലവത്തിലൂടെ കാർഷിക മേഖലയുടെയും കർഷകരുടെയും ക്ഷേമത്തിന് മുന്നിട്ടിറങ്ങിയ വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന് സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെ ബസന്ത് നഗർ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ചെന്നൈയിലെ വസതിയിലും ചെന്നൈ തരമണിയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആസ്ഥാനത്തും പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രാഷ്ട്രീയ, സാംസ്കാരിക, ശാസ്ത്ര മേഖലകളിലെ പ്രമുഖരടക്കം എത്തി.
വ്യാഴാഴ്ച രാവിലെ 11.20ന് അന്തരിച്ച ഡോ. സ്വാമിനാഥന്റെ ഭൗതികദേഹം ഇന്നലെ രാവിലെ എട്ടുമണിവരെ വീട്ടിൽ പൊതുദർശനത്തിനുവച്ചു. എട്ടരയോടെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആസ്ഥാനത്ത് എത്തിച്ചു. ഇന്ന് രാവിലെ 10 വരെ ഇവിടെ പൊതുദർശനം. തുടർന്ന് സംസ്കാരച്ചടങ്ങുകൾക്കായി കൊണ്ടുപോകും. തമിഴ്നാട് പൊലീസിന്റെ ഔദ്യോഗിക ബഹുമതികൾക്കുശേഷമാണ് സംസ്കാരം. ഡോ. സ്വാമിനാഥന് പൊലീസ് ബഹുമതി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചിരുന്നു.