തിരുവനന്തപുരം : ഒടുവില്‍ കോഴിക്കോട്ടെ ഡിഎംഒ കസേര തര്‍ക്കത്തില്‍ തീരുമാനം. ഡോ. ആശാ ദേവിയെ ഡിഎംഒ ആക്കി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഈ മാസം 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും തീരുമാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന കസേരകളിക്കാണ് പരിഹാരമുണ്ടായിരിക്കുന്നത്. ഡോ. രാജേന്ദ്രന് തിരുവനന്തപുരം ഡയറക്ടറേറ്റിലേക്ക് പോകും
സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോഴിക്കോട് ഡിഎംഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റുകയും ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന് ഡിഎംഒ ആയി തുടര്‍ന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നത്.
മാറാന്‍ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രന് നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനില്‍ രണ്ട് പേര് ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി. നിയമപ്രകാരം താനാണ് ഡിഎംഒ എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുത്തു. കസേരകളി തുടര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഡോ. രാജേന്ദ്രന് ഉടന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ജോയിന്‍ ചെയ്യണമെന്നും ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചാര്‍ജെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.