കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ബൈക്ക് പുറത്തിറക്കാൻ ബജാജ്. മൂന്ന് മാസത്തിനുള്ളിൽ ബൈക്ക് പുറത്തിറക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബൈക്കിന്റെ മൈലേജ് ഇരട്ടിയോളം കൂടുകയും ഇന്ധച്ചെലവ് പകുതിയായി കുറയ്ക്കുകയും ചെയ്യുന്ന മോഡലിന് ആവശ്യക്കാറേറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന ബൈക്കുകളെ അപേക്ഷിച്ച് സിഎൻജി ബൈക്കിൽ കാർബൺ ഡൈ ഓക്സൈഡ് 50 ശതമാനവും കാർബൺ മോണോക്സൈഡ് 75 ശതമാനവും മീഥേൻ ഇതര ഹൈഡ്രോകാർബണുകൾ 90 ശതമാനവും കുറഞ്ഞുവെന്നാണ് കമ്പനിയുടെ അവകാശവാദം. പരിസ്ഥിതി സൗഹൃദ ബൈക്കുകൾ എന്ന ആശയമാണ് സിഎൻജി ബൈക്കിലേക്ക് എത്തിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.
ഇക്കഴിഞ്ഞ മാസം ബജാജ് ഓട്ടോയുടെ മൊത്തം ഇരുചക്രവാഹന വിൽപ്പന 25 ശതമാനം ഉയർന്ന് 2,94,684 യൂണിറ്റിലെത്തിയിരുന്നു. ഇലക്ട്രിക് ബൈക്ക് ഷെയറിംഗ് പ്ലാറ്റ്ഫോമായ യുലു ബൈക്കുകളിൽ 45.75 കോടി രൂപ അധികമായി നിക്ഷേപിച്ചതായി ബജാജ് ഓട്ടോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കമ്പനി ഇന്ധനരഹിത വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കുമെന്ന സൂചന കൂടിയാണ് ഈ നിക്ഷേപം നൽകുന്നത്. ഇതോടെ ഇലക്ട്രിക് ബൈക്ക് ഷെയറിംഗ് പ്ലാറ്റ്ഫോമിലെ ഓഹരി പങ്കാളിത്തം 18.8 ശതമാനമായി ഉയർത്തിയതായും ബജാജ് വ്യക്തമാക്കുന്നു.