ന്യൂഡൽഹി : കൗൺസലിംഗ് നൽകുമ്പോൾ ഒരു വ്യക്തിയുടെ ലിംഗ വ്യക്തിത്വത്തെയോ ലൈംഗിക ആഭിമുഖ്യത്തെയോ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന് സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് മുന്നറിയിപ്പ് നൽകി. അനധികൃത തടങ്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു വ്യക്തിയുടെ ആഗ്രഹം അറിയാൻ കൗൺസിലിംഗ് ഉപയോഗിക്കാം. എന്നാൽ അതിന്റെ പേരിൽ ഒരാളുടെ ലിംഗഭേദത്തെയോ ലൈംഗികതയെയോ സ്വാധീനിക്കുന്നത് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
തന്റെ സ്വവർഗ പങ്കാളിയെ മാതാപിതാക്കൾ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് 21 കാരിയായ യുവതി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ അനുകൂല ഉത്തരവ് നൽകുന്നതിനു പകരം കൗൺസിലിങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടുവെന്നും ഇത് ലൈംഗിക ആഭിമുഖ്യം മാറ്റാൻ വേണ്ടിയായിരുന്നുമുള്ള എന്ന ആരോപണത്തെ തുടർന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തടങ്കലിൽ കഴിയുന്നുവെന്ന് ആരോപിക്കപ്പെട്ട യുവതിയെ കണ്ട് അവരുടെ താൽപ്പര്യം അന്വേഷിക്കാനും സുപ്രീം കോടതി ഇ-കമ്മിറ്റി അംഗത്തോട് നേരത്തെ നിർദ്ദേശിച്ചിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് മാതാപിതാക്കളോടൊപ്പം കഴിയുന്നതെന്നാണ് അവർ പറഞ്ഞത്. ഹർജിക്കാരി ഉറ്റസുഹൃത്താണെന്നും ആരെയെങ്കിലും വിവാഹം കഴിക്കാനോ ആർക്കെങ്കിലും ഒപ്പം ജീവിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞതായി ഇകമ്മിറ്റി അംഗം അറിയിച്ചിട്ടുണ്ട്. ‘റിപ്പോർട്ട് അവിശ്വസിക്കാൻ ഞങ്ങൾക്ക് ഒരു കാരണവുമില്ല. അതിനാൽ ഹർജി പരിഗണിക്കാനാകില്ല’‐ കോടതി വ്യക്തമാക്കി.എന്നാൽ കേസിൽ കേരള ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നല്ലരീതിയിലുള്ളതല്ലെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കൗൺസിലിംഗ് ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.