സുൽത്താൻ ബത്തേരി: കോൺഗ്രസിന്റെ ശക്തി താഴെത്തട്ടിലാണെന്നും,ബൂത്ത് തലം മുതലുള്ള പ്രവർത്തകരെ സജ്ജരാക്കി വേണം അടുത്ത തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാനെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.ഞാൻ പോകും, ഞാൻ പോകുമെന്ന് ഭീഷണി മുഴക്കുന്നവർക്ക് സലാം പറഞ്ഞ് പാർട്ടിയിൽ നിന്ന് പോകാമെന്നും സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ തമ്മിലടി കുറയുന്നില്ലെന്ന് ആളുകളെക്കൊണ്ട് പറയിക്കരുത്. സാധാരണക്കാരോടൊപ്പം നിന്ന് അവർക്ക് വേണ്ടിയാണ് കോൺഗ്രസ് പേരാടേണ്ടത്. അവരുടെ ക്ഷേമമാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. ഭീതിജനകമായ അന്തരീക്ഷത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടന്നത്. അതിനെയെല്ലാം അതിജീവിച്ചാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും വിജയം നേടിയത്. മോദി -സംഘപരിവാർ ശക്തികൾ നടത്തിയ പോരാട്ടത്തെ കോൺഗ്രസിന് അതിജീവിക്കാൻ കഴിഞ്ഞത് സാധാരണക്കാരായ ജനങ്ങൾ ഒപ്പം നിന്നത് കൊണ്ടാണെന്നും വേണുഗോപാൽ പറഞ്ഞു.