കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചര്‍ച്ച് ബില്ലിനെതിരെ മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃദീയന്‍ കാതോലിക ബാവ. സുപ്രീംകോടതി വിധിക്കു മുകളില്‍ ഏതെങ്കിലും നിയമം കേരള സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അത് അംഗീകരിക്കരുതെന്ന് അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യര്‍ത്ഥിച്ചു.
ചര്‍ച്ച് ബില്‍ വരുമെന്ന് കേള്‍ക്കുന്നു. കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവന്നാല്‍ അത് അംഗീകരിക്കരുത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടാണ് അഭ്യര്‍ത്ഥന നടത്തിയത്. മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും വേദിയിലിരിക്കെയാണ് ബാവ ഗവര്‍ണറോട് അഭ്യര്‍ഥന നടത്തുകയും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തത്. എല്ലാ സമാധാന ചര്‍ച്ചകള്‍ക്കും സഭ തയാറാണെന്നും എന്നാല്‍ സഭയുടെ അസ്തിവാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും കതോലിക്ക ബാവ പറഞ്ഞു. ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് സഭയുടെ തനിമ തകര്‍ക്കാമെന്ന് കരുതുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണ്. വേട്ടക്കാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചര്‍ച്ചയ്ക്കും സഭ തയ്യാറാണെന്നും കാതോലിക്ക ബാവ പറഞ്ഞു.
നിയമത്തെ അനുസരിക്കാന്‍ ഞാനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കിയത്. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.