മുംബൈ : അച്ഛനമ്മമാര്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ രണ്ട് ദിവസം പട്ടിണി കിടക്കുമെന്ന മുന്നറിയിപ്പുമായി ശിവസേന എംഎല്‍എ. ഹിന്ഗോലി ജില്ലയിലെ സ്കൂളില്‍ എത്തിയപ്പോഴായിരുന്നു ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ സന്തോഷ് ബംഗറിന്റെ പ്രതികരണം. ‘അടുത്ത തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ മാതാപിതാക്കള്‍ എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍, രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവരും,’ ബംഗാര്‍ പറഞ്ഞു. മറാത്തിയില്‍ കുട്ടികളോട് സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
‘സന്തോഷ് ബംഗാറിന് വോട്ട് ചെയ്യൂ, അപ്പോള്‍ മാത്രമെ നമ്മള് ഭക്ഷണം കഴിക്കൂ’ എന്നത് വിദ്യാര്‍ഥികളെ കൊണ്ട് നിരവധി തവണ ചൊല്ലിക്കുകയും ചെയ്തു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ശിവസേന, ശരദ് പവാര്‍ വിഭാഗം രംഗത്തെത്തി. ബംഗാറിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നേരത്തെയും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഏറെ വിവാദമായിട്ടുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തിയില്ലെങ്കില്‍ തൂങ്ങിമരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്സവ റാലിക്കിടെ വാള് വീശിയതിന് കളംനൂരി പൊലീസ് ബംഗാറിനെതിരെ കേസെടുത്തിരുന്നു. 2022ല്‍, തൊഴിലാളികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിയുടെ കാറ്ററിംഗ് മാനേജരെ ഇയാള്‍ തല്ലുന്ന വീഡിയോയും വൈറലായിരുന്നു.