കോഴിക്കോട് : താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ എസ്എസ്എല്‍സി ഫലം പുറത്തു വിടരുതെന്ന് ഷഹബാസിൻ്റെ പിതാവ്. തടഞ്ഞുവെച്ച ഇവരുടെ പരീക്ഷാഫലം പുറത്ത് വിടണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ കമ്മീഷന് കത്തയച്ചു.
അതേസമയം, സഹപാഠികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന് എഴുതിയ പരീക്ഷയിൽ എ പ്ലസ് ലഭിച്ചിരുന്നു. ഐടി പരീക്ഷയിലാണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്.
ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫ്, കെഎസ്യു തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നതോടെയാണ് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചത്.
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തെ തുടർന്ന് വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഷഹബാസിന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുമ്പോഴാണ് ഷഹബാസ് മരിച്ചത്.