കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറുമാസം കൊണ്ട്. ഇന്റർനെറ്റിലൂടെയാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചതെന്നും ഇയാൾ പോലീസിനോടു പറഞ്ഞു.
റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ചാണ് ഇയാള്‍ സ്ഫോടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ തന്നെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു. സ്കൂട്ടറിലാണ് ഇയാൾ കൺവൻഷൻ സെന്ററിലെത്തിയത്. കീഴടങ്ങാൻ പോലീസ് സ്റ്റേഷനിലെത്തിയതും ഇതേ സ്കൂട്ടറിൽ തന്നെയാണ്. രണ്ട് ഐഇഡി വയ്ക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ ഉണ്ട്. അതിന് ശേഷം റിമോര്‍ട്ട് കണ്ട്രോളിലാണ് ബോംബ് സ്ഫോടനം നടത്തിയത്. പ്രാർഥനായോഗ സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാൾ ബോംബ് വച്ചത്.
രണ്ട് സ്ഫോടനം നടത്തിയതിന് ശേഷം ഇയാള്‍ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം ഇയാള്‍ മാനസിക പ്രശ്നങ്ങള്‍ കാണിക്കുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ ഇയാള്‍ ഇംഗ്ലീഷ് ട്യൂഷന് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. അതുപോലെ തന്നെ സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി.