


ന്യൂഡല്‍ഹി : നായകള്‍ വളരെ സൗമ്യവും സൗന്ദര്യവുമുള്ളവയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. രാജ്യതലസ്ഥാനത്തെ എല്ലാ തെരുവുനായകളെയും പിടികൂടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടി കൂട്ടിലടയ്ക്കണമെന്നത് ഭീകരമായ മനുഷ്യത്വരഹിതമായ പെരുമാറ്റമാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നായകള്‍ ദയ അര്‍ഹിക്കുന്ന സൗന്ദര്യമുള്ള ജീവികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യതലസ്ഥാനത്തെ തെരുവുനായകളെയെല്ലാം പിടികൂടി കൂട്ടിലടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. നായകളെ പിടികൂടിയാല്‍ തന്നെ അവയ്ക്ക് ആവശ്യമായ ഷെല്‍ട്ടറുകള്‍ പോലും നിലവില്‍ ഇല്ല. ഇതിനായി ഇതിലും മികച്ച മറ്റുവഴികള്‍ കണ്ടെത്താനാകും. ഈ നിരപരാധികളായ മൃഗത്തെ പരിപാലിക്കാനും സംരക്ഷിക്കാനും കഴിയുന്ന മാനുഷികമായ വഴി കണ്ടെത്താന്‍ സാധിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
ദശാബ്ദങ്ങളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയങ്ങളെ പിന്നിലോട്ട് തള്ളുന്നതാണ് കോടതി വിധിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഈ മിണ്ടാപ്രാണികള്‍ തുടച്ചുനീക്കപ്പെടേണ്ട പ്രശ്നങ്ങളല്ല. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരവും, അനുകമ്പ ഇല്ലാത്തതുമായ പ്രവൃത്തിയാണ്. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം. പൊതുജന സുരക്ഷയ്ക്കൊപ്പം മൃഗസ്നേഹവും ഒരുമിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുത്. തെരുവുനായ്ക്കളെ മാറ്റുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര് മഹാദേവന് എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്കി.
എല്ലാ പ്രദേശങ്ങളില്‍നിന്നും നായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റണം. അതുവരേക്കും നിയമം മറന്നേക്കൂ. ഇത് പൊതുജന നന്മയ്ക്കു വേണ്ടിയാണ്. ഇതില്‍ ഒരു തരത്തിലുള്ള വികാരവും ഉള്‍പ്പെടുന്നില്ല. എത്രയും പെട്ടെന്ന് നടപടിയെടുത്തേ തീരൂവെന്ന് ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ സജ്ജമാക്കാന്‍ മുന്‍സിപ്പാലിറ്റികളും മറ്റ് ഏജന്‍സികളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശം നല്കി. ഡല്‍ഹിയില്‍ പേവിഷബാധയേറ്റുള്ള മരണം നായകളുടെ ആക്രമണവും വര്‍ധിച്ചതോടെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.