തൃശൂർ : 10 വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡുമായി വോട്ടുചോദിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊളിലാളികള്‍ക്കും കടാശ്വാസം നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പത്തുവര്‍ഷമായിട്ട് ഇന്നുവരെ പത്തുരൂപയെങ്കിലും മോദി സര്‍ക്കാര്‍ കടാശ്വാസം നല്‍കിയോ? . സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശ ചെയ്ത താങ്ങുവില, സംഭരണത്തിന്റെ ഗ്യാരണ്ടി, കര്‍ഷക ആത്മഹത്യ, വായ്പ എഴുതിതള്ളല്‍ ഇവയെക്കുറിച്ചെല്ലാം പൂര്‍ണമായി മൗനം പാലിച്ച് എങ്ങനെയാണ് കര്‍ഷകരെ ശാക്തികരിക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കര്‍ഷകര്‍ക്കുള്ള എല്ലാ പ്രധാന ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. ഇത് എങ്ങനെയാണ് ശാക്തീകരണമാകുക. ഓരോ ഇന്ത്യാക്കാരനും ഒരു വീട് എന്നതായിരുന്നു 2019 ല്‍ ബിജെപി നല്കിയ വാഗ്ദാനം. അതിന്റെ ഗതി എന്തായി. അതും പറയേണ്ടതല്ലേ. 2024 ലെ മാനിഫെസ്റ്റോയില്‍ ഇതേക്കുറിച്ച് പരിപൂര്‍ണ മൗനമാണ്. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഭവനരഹിതരില്ലാത്ത കേരളം എന്ന മുദ്രാവാക്യമാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഉയര്‍ത്തിയത്. ആ സ്വപ്ന സാക്ഷാത്കാരത്തോട് അടുക്കുകയാണ് സംസ്ഥാനം. ഇപ്പോള്‍ നാലുലക്ഷം വീടുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇതുവരെ 4,03,558 വീടുകളാണ് പൂര്‍ത്തീകരിച്ചത്. 1,00,052 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഗുണഭോക്താക്കളുടെ ആകെ എണ്ണം 5,03,610 ആണ്. ഇതില്‍ എന്താണ് കേന്ദ്രത്തിന്റെ പങ്കാളിത്തമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ കേന്ദ്രം കൈകടത്തുകയാണ്. കടമെടുപ്പ് പരിധിയില്‍ കേരളത്തിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണ്. കേരളം ഉന്നയിച്ച കാര്യങ്ങള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് പറഞ്ഞത് എങ്ങനെയാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേരളം കൊടുത്ത കേസ് പിന്‍വലിച്ചാല്‍ മാത്രം പണം എന്ന കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതി തള്ളിയില്ലേ. കേരളം ഉന്നയിച്ച വാദങ്ങള്‍ കോടതി ഗൗരവത്തോടെ പരിഗണിക്കുമ്പോള്‍, കേരളം നല്കിയ കേസിന് പുതിയ മാനങ്ങള്‍ ദേശീയ തലത്തില്‍ തന്നെ കൈവരികയാണ്. കേരളത്തെക്കുറിച്ച് കടുത്ത ആക്ഷേപങ്ങളാണ് പ്രധാനമന്ത്രി ഉന്നയിക്കുന്നത്. അദ്ദേഹം നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്കിയ അംഗീകാരങ്ങള്‍ ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട്, തെറ്റുകാരോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. ചുരുക്കം സഹകരണ സ്ഥാപനങ്ങളില്‍ വഴിതെറ്റിയ കാര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാട്ടിയിട്ടില്ല. ഓരോ സഹകരണ സ്ഥാപനങ്ങളിലും കോടികളുടെ വായ്പ ഇടപാടുകളാണ് നടക്കുന്നത്. നല്ല നിലയിലാണ് ഈ മേഖലയെ സര്‍ക്കാര്‍ സംരക്ഷിച്ചുപോരുന്നത്. കരുവന്നൂര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി നുണ പറയുന്നു എന്ന പ്രധാനമന്ത്രിയുടെ ആരോപണവും പിണറായി വിജയന് തള്ളി. കള്ളം പറഞ്ഞ് ശീലം എനിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.