ന്യൂഡൽഹി: രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ഇന്ന് (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും പ്രതിഷേധിച്ചാണു സമരം.
അത്യാഹിത അടിയന്തര സേവനങ്ങൾക്കു മുടക്കമുണ്ടാകില്ല. എന്നാൽ ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയർ ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാർഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം. സമരത്തിൽ നിന്ന് അത്യാഹിത–വിഭാഗത്തെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച കരിദിമായി ആചരിക്കാനും ഡോക്ടർമാർ തീരുമാനിച്ചിരുന്നു.
അതിനിടെ ഇന്നലെ ഡൽഹി, പഞ്ചാബ്, അസം, ചണ്ഡിഗഢ്, ജമ്മു കശ്മീർ, കേരളം, മധ്യപ്രദേശ് തുടങ്ങി വിവിധസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രതിഷേധം അലയടിച്ചു. ഡൽഹിയിൽ ആരോഗ്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നിർമാൺ ഭവനിലേക്ക് വൻ മാർച്ച് സംഘടിപ്പിച്ചു.ഡൽഹി പൊലീസ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഡോക്ടർമാരെ തടയാനായില്ല. ആയിരക്കണക്കിന് ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രതിഷേധം ജന്തർമന്തറിലേക്ക് മാറ്റണമെന്ന് പൊലീസ് അഭ്യർഥിച്ചെങ്കിലും അവർ വഴങ്ങിയില്ല. ജന്തർമന്തറിൽ പ്രതിഷേധിച്ച വിനേഷ് ഫോഗട്ടിന്റെയും മറ്റും അവസ്ഥ തങ്ങൾക്ക് അറിയാമെന്നും കേൾക്കേണ്ടവർ കേൾക്കണമെങ്കിൽ നിർമാൺഭവന് മുന്നിൽതന്നെ പ്രതിഷേധിക്കണമെന്നും ഡോക്ടർമാർ പ്രതികരിച്ചു.
‘ഞങ്ങൾക്ക് നീതി വേണം’, ‘സുരക്ഷ ഇല്ലെങ്കിൽ ജോലിയും ഇല്ല’–- തുടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. കനത്തമഴയെ കൂസാതെ വെള്ളിയാഴ്ച്ച രാത്രി വൈകിയും നിർമാൺഭവന് മുന്നിൽ പ്രതിഷേധം തുടർന്നു. ഡൽഹി എയിംസ്, ആർഎംഎൽ, ഡിഡിയു, സഫ്ദർജംഗ്, എൽഎച്ച്എംസി, യുസിഎംഎസ് ആശുപത്രികളിലെ റെസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷനുകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം.