ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഓപ്പറേഷന് ലോട്ടസ് അരങ്ങേറുമെന്നും അതിനായി തന്റെയും മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും എതിരാളികള്‍ കേരളത്തിൽ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള രാജരാജേശ്വര ക്ഷേത്രത്തിനുസമീപം ശത്രു സംഹാരപൂജ നടത്തിയെന്നുമുള്ള കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. ബിജെപിക്കെതിരായാണ് ഡികെ പറഞ്ഞതെങ്കിലും ഫലത്തില്‍ അത് കേരളത്തിലെ സിപിഎം സര്‍ക്കാരിനെതിരായി തീര്‍ന്നു. നിരവധി മൃഗങ്ങളെ ഇതിനായി ബലികൊടുത്തുവെന്നും കര്‍ണ്ണാടകയിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവാണ് അതിന് പിന്നിലെന്നുമാണ് ഡികെ ശിവകുമാര്‍ പറയുന്നത്.
‘കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവര്‍ ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ‘ ഡികെ ശിവകുമാര്‍ പറഞ്ഞു.
കര്‍ണ്ണാടകയിലെ ബിജെപിയുടെ ഓപ്പറേഷന് ലോട്ടസിനെ തടഞ്ഞു നിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ഡികെ ശിവകുമാറിന്റെ മണിപവറാണ്. മറ്റൊന്ന് സിദ്ധരാമയ്യയുടെ ജനപിന്തുണയും. വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ ഓപ്പറേഷന് ലോട്ടസ് കര്‍ണ്ണാടകയില്‍ സജീവമാക്കുമെന്ന് കോണ്‍ഗ്രസിനറിയാം. അതിനെ എന്ത് വില കൊടുത്തും തടയാനുള്ള നീക്കവുമായാണ് കർണാടകം പിസിസി മുന്നോട്ടുപോകുന്നതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നുളള ഫണ്ടാണ് പാര്‍ട്ടിയെ ചലിപ്പിച്ചത്. അതുകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മോദി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യം പൊളിക്കേണ്ടത് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയാണെന്നും ബിജെപി മനസിലാക്കിയിട്ടുണ്ട്. കര്‍ണ്ണാടകയിലെ അടുത്ത ബിജെപി മുഖ്യമന്ത്രി ശോഭാ കരന്തലജെയായിരിക്കുമെന്നു സൂചനയുണ്ട്. ശത്രുസംഹാരപൂജക്ക് പിന്നിലുള്ള പ്രമുഖ നേതാവിനെക്കുറിച്ച് ഡികെ ശിവകുമാര്‍ സൂചിപ്പിക്കുന്നത് വെറുതയല്ലെന്നര്ത്ഥം.
കേരളത്തിലെ സര്‍ക്കാര്‍ അങ്ങിനെയൊരു പൂജയോ ദുര്‍മന്ത്രവാദമോ നടന്നുവെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുകയാണ്. അമ്പലത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള പൂജാരിമാരെയും പുരോഹിതരെയും സെപ്ഷ്യല്‍ ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തങ്ങള്‍ക്കാര്‍ക്കും അങ്ങിനെയൊരു വിവരമില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഡികെ ശിവകുമാറിനെപ്പോലോരാള്ക്ക് കിട്ടിയ വിവരങ്ങള്‍ അസത്യമാണെന്ന് കരുതുവാനും വയ്യ. എന്നാലാകട്ടെ അത് തെളിയിക്കാനും എളുപ്പമല്ല. ബിജെപിക്കെതിരെ വച്ച വെടി ഇപ്പോള്‍ കേരളത്തിലെ സിപിഎമ്മിന് കൊണ്ട അവസ്ഥയിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഡികെ ശിവകുമാറിനെതിരെ അതിശക്തമായ വിമർശനുവുമായി രംഗത്ത് വന്നിട്ടുണ്ട്. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി വര്‍ഗീതയത പറയുകയാണെന്നും അത്തരത്തിലൊരു കാര്യം കേരളത്തില്‍ നടക്കില്ലെന്നും അദ്ദേഹം പറയുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ഈ അഭിപ്രായം പങ്കുവയ്കുന്നുണ്ട്.
ഇത്തരത്തില്‍ ശത്രുസംഹാരപൂജ നടത്തിയവരില്‍ നിന്നും തനിക്ക് ചോര്‍ന്ന് കിട്ടിയ വിവരമാണെന്നാണ് ഡികെ ശിവകുമാര്‍ പറയുന്നത്. അത് ചിലപ്പോള്‍ ശരിയുമായിരിക്കാം. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലൊരു പൂജയും മന്ത്രവാദവും നടന്നുവെന്ന് തെളിയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ലോക്സഭാ തെരെഞ്ഞെടുപ്പിന് ശേഷം ബിജെപി കര്‍ണ്ണാടകത്തില്‍ കാര്യമായി എന്തൊക്കെയോ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തം. അത് മനസിലാക്കിക്കൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ ഡികെ ശിവകുമാര്‍ നടത്തിയത്. പൂജയും മന്ത്രവാദവുമൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാലാകാലങ്ങളായി ശത്രുസംഹാരത്തിനായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല ബിസിസുകാരും ഉന്നത ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളുമൊക്കെ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന് അടിമകളാണ് എന്നത് നേരത്തെ തന്നെ പല കോണുകളില്‍ നിന്നും വ്യക്തമായിരുന്നു. ഡികെയുടെ ആരോപണത്തിന് പിന്നില്‍ മറ്റൊരു വശം കൂടെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നുണ്ട്. ബിജെപിക്കകത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഡികെ മനപ്പൂര്‍വ്വം ഇറക്കിയ ഒരു ചീട്ടാണോ ഇതെന്നാണ് ചിലര്‍ സംശയിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ ബിജെപി മന്ത്രവാദം നടത്തുവെന്ന് പുറത്തറിഞ്ഞാല്‍ അതിന്റെ നാണക്കേട് നരേന്ദ്രമോദിക്കും അമിത് ഷാക്കും ആയിരിക്കുമെന്നും അവര്‍ അതിന് മറുപടി പറയേണ്ടവരുമെന്നും ബുദ്ധിമാനായ ഡികെ ശിവകുമാറിനറിയാം. യഥാര്‍ത്ഥ കളി ഇനി അതായിരിക്കുമോ