പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന പത്തനംതിട്ട ജില്ലയില്‍ മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് നിരോധനം.ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും , തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 ാം തീയതി വരെ നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്.