കൊച്ചി : ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയം ഗൗരവമുള്ളതാണെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിശോധിച്ചാണ് ഹൈക്കോടതി നിരീക്ഷണം.
മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തിൽ പൂപ്പൽ ബാധിച്ചതെന്നു ദേവസ്വം ബോർഡ് വിശദീകരിച്ചു. പൂപ്പൽ ബാധിച്ച ഉണ്ണിയപ്പം വിതരണം ചെയ്യുന്നില്ലെന്നു ഉറപ്പാക്കി. വിഷയത്തിൽ രേഖാമൂലം മറുപടി നൽകുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി.
രാവിലെ കോടതി അമിക്കസ് ക്യൂറിയോടു വിശദീകരണം തേടിയിരുന്നു. വിഷയം തിങ്കളാഴ്ച പരിഗണിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി.