ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദേശപര്യടനത്തിനായി കേരളം വിട്ടിട്ട് ഒരാഴ്ചയാകാറായി. ഉന്നത സിപിഎം നേതാക്കള്‍ക്ക് പോലും അറിയില്ല ആഭ്യന്തര വകുപ്പിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നതാരാണെന്ന്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പെരുകുകയാണ്. ജയിലില്‍ നിന്നിറങ്ങുന്ന ഗുണ്ടാ നേതാവിനുള്ള സ്വീകരണ മഹാമഹം മുതല്‍, തെരുവുകളില്‍ ഗുണ്ടാ ആക്രമണങ്ങള്‍ പതിവാകുന്നതും, പോക്സോ കേസിലെ അതിജീവിത കൊല്ലപ്പെടുന്നതും, വടക്കന്‍ കേരളത്തില്‍ തകൃതിയായി നടക്കുന്ന ബോംബ് നിര്‍മ്മാണവും രാഷ്ട്രീയ സംഘടനങ്ങള്‍ തിരിച്ചുവരുന്നതുമെല്ലാം ആഭ്യന്തരവകുപ്പിനെതിരെ ജനരോഷം ശക്തമാക്കുന്നുവെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയോട് ഇക്കാര്യം പറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം ആര്‍ക്കും ധൈര്യമില്ലന്നതാണ് ഏറ്റവും വലിയ പരിമിതി.
ഇഎംഎസ് അടക്കമുള്ള സിപിഎമ്മിന്റെ എല്ലാ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും വകുപ്പുകള്‍ പാര്‍ട്ടി കൃത്യമായി വിശകലനം ചെയ്യുകയും തിരുത്തല്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന ഒരു കാലം ആ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് അത് ചെയ്യാനുള്ള ധൈര്യമില്ലന്നാണ് പല നേതാക്കളും അടക്കം പറയുന്നത്. കേരളത്തില്‍ ക്രമസമാധാന നില അനുദിനം വഷളാവുകയാണെന്നും ക്രിമനല്സംഘങ്ങള് തഴച്ചുവളരുകയാണെന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലോ സെക്രട്ടറിയേറ്റിലോ ഈ വിഷയത്തില്‍ യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ബോംബ് പൊട്ടി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്താകമാനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പൊലീസിന്റെ ഇടപെടല്‍ കാര്യക്ഷമമാല്ലാത്തത് കൊണ്ട് മാത്രം സംഭവിച്ചതാണിതെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. സിപിഎം പാര്‍ട്ടിക്കമ്മറ്റികള്‍ നല്കുന്ന ലിസ്റ്റ് പ്രകാരമാണ് കേരളത്തില്‍ ഡിവൈഎസ് പി മുതല്‍ താഴോട്ടുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ പ്രാദേശിക സിപിഎം നേതാക്കളുടെ സമ്മര്‍ദ്ധത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ അതിരുകടന്ന് വഴങ്ങുന്നത് ക്രമസമാധാനപാലനത്തില്‍ വലിയ തടസങ്ങളുണ്ടാക്കുന്നതായും പാര്‍ട്ടി വിലയിരുത്തിയിരുന്നു.
വലിയ തോതില്‍ ക്രിമനല്സംഘങ്ങള് കേരളത്തിലെ എല്ലാ ജില്ലകളിലും അഴിഞ്ഞാടുന്നത് വലിയ പൊതുജനരോഷം വിളിച്ചുവരുത്തുന്നതായും പാര്‍ട്ടി മനസിലാക്കിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥര്‍ വരെ ക്രിമിനല്‍സംഘങ്ങളുടെ ആക്രമണത്തിന് വിധേയരാകുന്ന അവസ്ഥയാണുള്ളത്. ഗുരുതരമായ പരുക്കുകളോടെ നിരവധി പൊലിസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലുമാണ്. പൊലീസിന്റെ ചരിത്രത്തില്‍ ഇന്നേവരെയുണ്ടാകാത്ത വിധത്തിലുള്ള ആക്രമണങ്ങളാണ് പലയിടത്തും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുന്നത്. പൊലീസിനെ മൊത്തം ഭരിക്കുന്നത് സിപിഎം പിന്തുണയുള്ള പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനുമാണെന്നത് പരസ്യമായ രഹസ്യമാണ്. ഓരോ ജില്ലയിലും പൊലീസിന്റെ ചുമതലയുള്ള പാര്‍ട്ടി നേതാക്കളോട് മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് കൂറും വിധേയത്വവും. ഇക്കാര്യത്തില്‍ മുതിർന്ന ഐപിസുകാരടക്കമുളളവര് അസ്വസ്ഥരാണ്. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്നുവെന്ന പരാതിയും ഇവര്‍ക്കുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കയ്യിലാണ് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണമെന്നും, അത് കൊണ്ട് തന്നെ വലിയതോതിലുള്ള രാഷ്ട്രീയവല്‍ക്കരണമാണ് പൊലീസിൽ നടക്കുന്നതെന്നും ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ രഹസ്യമായി സമ്മതിക്കുന്നു. ഗുണ്ടകളും ക്രിമനല്‍ സംഘങ്ങളും അടക്കമുള്ള സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ പൊലിസിന് കഴിയാത്തതും അമിതമായ രാഷ്ട്രീയവല്‍ക്കരണം കൊണ്ടാണെന്നും ഇവര്‍ പറയുന്നു. ഗുണ്ടാ നേതാക്കള്‍ക്കുള്ള ശക്തമായ രാഷ്ട്രീയ ബന്ധങ്ങള്‍ അവരെ നിയന്ത്രിക്കുന്നതില്‍ നിന്നും പൊലീസിനെ തടയുന്നതായും ആരോപണമുണ്ട്.
പൊലീസ് സംവിധാനം പൂര്‍ണ്ണമായും കുത്തഴിഞ്ഞുവെന്ന ആരോപണം സിപിഎമ്മിനുള്ളില്‍ നിലനില്‍ക്കുമ്പോഴും അത് പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരും ശ്രമിക്കുന്നില്ലന്നത് ശ്രദ്ധേയമാണ്. ഇതിന്റെ പേരില്‍ പിണറായി വിജയനെ പിണക്കാന്‍ ഉന്നത സിപിഎം നേതൃത്വത്തിലുള്ള ആരും തയ്യാറല്ലന്നതാണ് വസ്തുത. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒക്കെ നിയന്ത്രിച്ചിരുന്ന പാര്‍ട്ടി നേതൃത്വം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഓര്‍മ്മ മാത്രമാവുകയാണ്