തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തരപ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച ആരംഭിച്ചു. ധനസ്ഥിതി മോശമാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് പ്രമേയം അവതരിപ്പിച്ച റോജി എം.ജോണ്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങളും സാമ്പത്തീക പ്രതിസന്ധിക്ക് കാരണമായെന്നും റോജി ചൂണ്ടിക്കാട്ടി.
ഇന്ധന സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതിന് ശേഷം സംസ്ഥാനത്ത് ഡീസലിന്റെയും പെട്രോളിന്റെയും ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അത് മൊത്തം വരുമാനത്തിലും കുറവുണ്ടാക്കി.ധനമന്ത്രി ദുരഭിമാനം വെടിഞ്ഞ് അടുത്ത ബജറ്റിലെങ്കിലും രണ്ട് രൂപയുടെ അധിക സെസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പദ്ധതികളെല്ലാം താറുമാറായി കിടക്കുകയാണ്. ക്ഷേമ പെന്ഷന് കൊടുക്കാന്‍ പോലും സർക്കാരിന് കഴിയുന്നില്ല.സംസ്ഥാനത്തെ നികുതി പിരിവ് കാര്യക്ഷമമല്ലെന്നും എംഎല്‍എ വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നികുതി പിരിവിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് സാമ്പത്തിക സ്ഥിതി വഷളാക്കിയതെന്നും എംഎല്‍എ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് പച്ചയായ സത്യമാണെന്നും 26,500 കോടിയോളം രൂപ കുടിശ്ശികയാണെന്നും അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കാലോചിതമായ പരിഷ്കാരം കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നികുതി വകുപ്പ് പൂർണമായി പരാജയപ്പെട്ടു. ജിഎസ്ടി വരുമ്പോൾ കേരളത്തിലാണ് ഏറ്റവും അധികം ഗുണം ഉണ്ടാകേണ്ടിയിരുന്നത്. സർക്കാർ അമ്പേ പരാജയമാണെന്നും റോജി എം. ജോണ്‍ പറഞ്ഞു.