തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇൻഷുറൻസ് കമ്പനികൾ നേട്ടമുണ്ടാക്കിതായി ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നാലെയുള്ള സാഹചര്യം ഇൻഷുറൻസ് കമ്പനികൾക്ക് ലാഭകരമായി എന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ യോഗ്യരായവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ കമ്പനികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
“റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് വിലപ്പെട്ട നിരവധി മനുഷ്യജീവന് രക്ഷിക്കാനായതിനോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പെനാല്‍റ്റിയും നല്കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടും. ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്തുവാനും നിര്‍ദേശിക്കും”. ഇന്ന് നടന്ന ഉന്നതതല യോഗത്തിനിടയിൽ മന്ത്രി വ്യക്തമാക്കി.
അപകടമുണ്ടായ ഉടനെ നല്‍കേണ്ട ഗോള്‍ഡന്‍ ഹവര്‍ ട്രീറ്റ്മെന്റിന്റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിക്കുക, റോഡരികില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളോട് അഭ്യര്‍ത്ഥിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി അടുത്ത മാസം ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുടെയും ഐആർഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.