തിരുവനന്തപുരം : തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ. കേസില്‍ പ്രതികളായ യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ക്ക് പൊലീസിന്റെ നീക്കങ്ങള്‍ നവാസ് ചോര്‍ത്തി നല്‍കിയതായി തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ പ്രതികള്‍ സംസ്ഥാനം വിട്ടു. മരിച്ച ഷെഹ്നയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് നവാസ്. നവാസിനെതിരെ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 26ന് രാത്രിയാണ് ഷെഹ്നയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും സ്ത്രീധനം ആവശ്യപ്പെട്ട് കൊണ്ടുള്ള ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
സംഭവദിവസം രാത്രി തന്നെ ഭര്‍ത്താവ് നൗഫലും നൗഫലിന്റെയും അമ്മയും കാട്ടാക്കടയിലെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ഇവര്‍ കടയ്ക്കലുള്ള ഒരു ബന്ധുവീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്ന് കടയ്ക്കല്‍ പൊലീസിനോട് തിരുവല്ലം പൊലീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇവരെ പിടികൂടാനായി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി. അതിനിടെ കടയ്ക്കല്‍ സ്റ്റേഷനിലെ റൈറ്റര്‍ കൂടിയായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് നവാസ് ഈ വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയത് മൂലമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് ഫോര്‍ട്ട് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ അവിടെ നിന്ന് മുങ്ങാന്‍ പ്രതികള്‍ക്ക് നവാസ് നിര്‍ദേശം നല്‍കിയതായുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
പൊലീസ് അവിടെ എത്തുമ്പോഴേക്കും പ്രതികള്‍ കടയ്ക്കലുള്ള വീട്ടില്‍ നിന്ന് കടന്നുകളഞ്ഞിരുന്നു. പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് പിടികൂടുന്നതില്‍ നിന്ന് പ്രതികളെ രക്ഷിക്കുകയും കേരളം വിടാന്‍ സഹായിക്കുകയും ചെയ്തത് നവാസ് ആണ് എന്നാണ് ഫോര്‍ട്ട് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികളുടെ ഒളിയിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.