ന്യൂഡല്‍ഹി : ചൈനയില്‍ പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ഇന്ത്യയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാന്യൂമോവൈറസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിച്ചാൽ മതിയെന്നും ഡോ.അതുല്‍ ഗോയല്‍ പറഞ്ഞു.
എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം. രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ വിശകലനം ചെയ്തിട്ടുണ്ടെന്നും 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് മഹാമാരി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന അഞ്ചുവര്‍ഷത്തിന് ശേഷം മറ്റൊരു ആരോഗ്യപ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഇത്തവണ കോവിഡിന് സമാനമായി ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ആണ് ചൈനയില്‍ പടരുന്നത്. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉണ്ടായ ആശങ്കയ്ക്ക് സമാനമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നത്. അജ്ഞാത വൈറസ് അതിവേഗമാണ് പടരുന്നത്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എച്ച്എംപിവി വൈറസ് എന്താണ്?
എച്ച്എംപിവി വൈറസ് ഒരു ആര്‍എന്‍എ വൈറസാണ്. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഈ വൈറസ് കുറഞ്ഞത് ആറ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായി ലോകം മുഴുവന്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാണ് എന്നാണ് കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം. കുട്ടികളും പ്രായമായവരുമാണ് ഈ രോഗത്തിന് കൂടുതല്‍ ഇരകളാകുന്നത്.