കൊച്ചി : പ്രശസ്ത സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. ദീർഘനാളായി കരൾരോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരുഘട്ടത്തിൽ നില മെച്ചപ്പെട്ടിരുന്നെങ്കിലും ന്യുമോണിയ ബാധിച്ചതും ഹൃദയാഘാതം സംഭവിച്ചതും നില വഷളാക്കി. തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെ ഹൃദയാഘാതം സംഭവിച്ചതിന് ശേഷം എക്മോ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖവും അദ്ദേഹത്തെ അലട്ടിയിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയും ആരോഗ്യസ്ഥിതി വഷളാക്കി. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം മോശമായത് സ്ഥിതി സങ്കീര്‍ണമാക്കി. രാത്രി 9.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മരണ സമയത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. സജിതയാണ് ഭാര്യ. സുമയ്യ. സൂക്കൂൻ, സാറ എന്നിവരാണ് മക്കൾ.
മൃതദേഹം രാവിലെ ഒൻപതു മണി മുതൽ പന്ത്രണ്ട് മണി വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനനത്തിന് വയ്ക്കും. ശേഷം വീട്ടിൽലേക്ക് കൊണ്ട് പോകും. വൈകുന്നേരം ആറു മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
മൂന്ന് പതിറ്റാണ്ടു നീണ്ടു നിന്ന സിനിമ ജീവിതത്തിൽ മലയാളികളെ ഓർത്തോർത്തു ചിരിപ്പിച്ച നിവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖ്-ലാൽ എന്ന പേരിൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും അക്കാലത്തെ സൂപ്പർ ഹിറ്റുകളായിരുന്നു. 1989-ൽ പുറത്തിറങ്ങിയ റാം ജീ റാവു സ്പീക്കിംഗ് ആണ് ആദ്യമായി ഇരുവരും ചേർന്ന് സംവിധാനം ചെയ്ത ചിത്രം. പിന്നീട് ഓരോ വര്‍ഷത്തിന്റെ ഇടവേളകളില്‍ ബോക്സ് ഓഫീസ് റിക്കോർഡുകൾ തകർത്തതാണ് സിദ്ദിഖ്-ലാൽ ചിത്രങ്ങളുടെ ചരിത്രം. 1990-ല്‍ ഇന്‍ഹരിഹര്‍ നഗറും 91-ല്‍ ഗോഡ്ഫാദറും 92-ല്‍ വിയറ്റനാം കോളനിയും 1994-ല്‍ കാബൂളിവാലയും പുറത്തിറങ്ങി. മമ്മൂട്ടി നായകനായെത്തിയ ഹിറ്റ്ലർ എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. ഈ ചിത്രം നിർമിച്ചത് ഉറ്റച്ചങ്ങാതിയായ ലാൽ ആയിരുന്നു. പിന്നീട് ഫ്രണ്ട്സ്, ഫ്രണ്ട്സ് (തമിഴ്), ക്രോണിക് ബാച്ച്ലർ, എങ്കൾ അണ്ണ (തമിഴ്), സാധു മിറാൻഡ (തമിഴ്), ബോഡി ഗാർഡ്, കാവലൻ (തമിഴ്), ബോഡി ഗാർഡ് (ഹിന്ദി), ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ (2019) എന്നിവയാണ് സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങൾ.