തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ രഞ്ജിത്ത് നടത്തിയ വിവിദ പരാമർശങ്ങൾ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് നേരിട്ട് കണ്ട് വിശദീകരണം നൽകാൻ മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടത്.
ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെതിരെയും നടത്തിയ വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമർശങ്ങളിലാണ് വിശദീകരണം തേടിയത്. ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണെന്നും അതിൽ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജിത്തിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസി ബോർഡ് അംഗത്വം ഡോ ബിജു രാജിവച്ചതോടെ വിമർശനം രൂക്ഷമായിരുന്നു. ഇതോടെയാണ് സർക്കാർ ഇടപെടൽ.
കെഎസ്എഫ്ഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന സംവിധായകൻ ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കൂടാതെ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്നു വകുപ്പ് മന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ലെന്നും താൻ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.