തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ച് സിനിമാ സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചർച്ച നടത്തിയ രാജസേനൻ ഇന്നുതന്നെസിപിഐഎമ്മിൽ ചേരും. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയടക്കമായിരുന്നു രാജസേനൻ. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവിൽ സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ പ്രതികരിച്ചു. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടി സിപിഐഎമ്മാണ്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും രാജസേനൻ പറഞ്ഞു.