മുംബൈ : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ കുമാര്‍ സാഹ്നിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകന് ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില് ഒരാളാണ്. അധ്യാപകന്, എഴുത്തുകാരന് എന്നീ നിലകളിലും കുമാര്‍ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ചു.
1940 ഡിസംബര്‍ ഏഴിന് സിന്ധ് മേഖലയിലെ ലര്‍ക്കാനയിലാണ് ജനനം. ഇന്ത്യാ വിഭജനത്തിന് ശേഷം കുടുംബസമേതം മുംബൈയിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. 1972ല്‍ കുമാര്‍ സാഹ്നി ഒരുക്കിയ മായാ ദര്‍പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.