തിരുവനന്തപുരം : സിനിമാ- സീരിയൽ നടന് ദിലീപ് ശങ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികരക്തസ്രാവമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു ദിലീപിന്റെ മൃതദേഹം. തലയിടിച്ചുണ്ടായ വീഴ്ചയില്‍ ആന്തരിക രക്തസ്രാവമുണ്ടായതാണോ എന്നാണ് സംശയിക്കുന്നത്. മാത്രമല്ല ഏറെ നാളായി കരള്‍ രോഗിയായിരുന്നു താരം. അതിനെ തുടര്‍ന്നാണോ രക്തസ്രാവമുണ്ടായത് എന്നും അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ അല്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല.
ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അതിന്റെ ഫലം വന്നതിനു ശേഷം മാത്രമായിരിക്കും കൃത്യമായ മരണകാരണം വ്യക്തമാവുക. ഇതിനിടെ മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്നു.
സീരിയല്‍ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ ദിലീപ് ശങ്കർ നാല് ദിവസം മുൻപാണ് ഹോട്ടലിൽ മുറിയെടുത്തത്. അവസാന ദിവസം ഷൂട്ടിങ് പൂർത്തിയാക്കുന്ന സമയത്ത് താരത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇടയ്ക്ക് രണ്ടു ദിവസം ഷൂട്ടിങ് ഇല്ലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച വിവരമറിയിക്കാന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. തുടർന്ന് അന്വേഷിക്കാനായി എത്തിയപ്പോൾ മുറിയിൽ നിന്ന് ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.