2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്. മുടി നീട്ടി വളർത്തി വിക്കറ്റിനും പിന്നിലും മുന്നിലും നായകനായും തിളങ്ങിയ താരത്തെ ക്രിക്കറ്റ് ആരാധകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. ഇപ്പോൾ ഐപിഎല്ലിന് മുന്നോടിയായുള്ള പ്രീ സീസൺ പരിശീലനത്തിലെ ധോണിയുടെ ഒരു ഫോട്ടോയാണ് വൈറലായിരിക്കുന്നത്.
മുടി നീട്ടി നെറ്റിയിൽ റിബൺ കെട്ടിയ ധോണിയുടെ ചിത്രം ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ പുതിയ സീസണിൽ പുതിയ റോളിലെത്തുമെന്നുമെന്ന ധോണിയുടെ പ്രഖ്യാപനവും ആരാധകരെ ഒരേ സമയം ആവേശത്തിലും ആശങ്കയിലാക്കുകയുമാണ്. നേരത്തെ ക്യാപ്റ്റൻ സ്ഥാനം ജഡേജക്ക് നൽകിയത് പോലെ എന്തെങ്കിലും തീരുമാനമാണോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ മാസം 22ന് ചെന്നൈയിൽ ബാഗ്ലൂരുമായിട്ടാണ് ചെന്നൈയുടെ ആദ്യ മത്സരം. ധോണിയുടെ അവസാന ഐപിഎൽ സീസണാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിൽ ഓരോ മത്സരവും ആരാധകർക്കും വൈകാരികമായിരിക്കും. പുതിയ താരങ്ങളെ എത്തിച്ച ചെന്നൈ തികഞ്ഞ പ്രതീക്ഷയിലാണ്.
ഒട്ടേറെ പുതിയ ക്യാപ്റ്റൻമാരുമായാണ് ടീമുകൾ എത്തുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ ഐപിഎലിനുണ്ട്. മുംബൈ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയപ്പോൾ ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി തിരിച്ചെത്തുന്നു. പാറ്റ് കമിൻസാണ് ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റൻ. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ശുഭ്മൻ ഗിൽ അരങ്ങേറും.
പരുക്കു മൂലം ചില സൂപ്പർ താരങ്ങൾ ഇത്തവണയും ഐപിഎലിന് ഉണ്ടാവില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗുജറാത്ത് ടൈറ്റൻസ് പേസർ മുഹമ്മദ് ഷമിക്ക് ഈ സീസൺ പൂർണമായും നഷ്ടമാകും. മുംബൈ താരം സൂര്യകുമാർ യാദവ്, ഗുജറാത്തിന്റെ മാത്യു വെയ്ഡ്, ചെന്നൈ താരം ഡെവൻ കോൺവേ, ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുൽ തുടങ്ങിയവർ സീസണിന്റെ തുടക്കത്തിൽ ഉണ്ടാകില്ല.
കാറപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷത്തോളമായി ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്ന ഋഷഭ് പന്ത് ഈ ഐപിഎലിലൂടെ തിരിച്ചെത്തും. പന്ത് ടീമിലുണ്ടാകുമെന്ന് ഡൽഹി ക്യാപിറ്റൽസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പന്ത് ശരീരക്ഷമത വീണ്ടെടുത്തതായി ബിസിസിഐ സെക്രട്ടറി ജയ് ഷായും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂണിൽ ട്വന്റി20 ലോകകപ്പ് തുടങ്ങാനിരിക്കെ, ദേശീയ ടീമിലേക്കുള്ള പന്തിന്റെ തിരിച്ചുവരവ് ഈ സീസണിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും.