ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ നായകനായി ഋതുരാജ് ഗെയ്ക്വാദിനെ തെരഞ്ഞെടുത്തു. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ എംഎസ് ധോണിക്ക് പകരമായാണ് നിയമനം. പുതിയ സീസണിൽ പുതിയ റോളിലെത്തുമെന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു. ഐപിഎൽ ടീമുകളുടെ നായകന്മാരുടെ ഫോട്ടോഷൂട്ടിലാണ് ധോണിക്ക് പകരം ഋതുരാജ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചെന്നൈ സൂപ്പർ കിങ്സും ഔദ്യോഗികമായി ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചു.
2008 മുതൽ ചെന്നൈയുടെ നായകനാണ് ധോണി. 2022ലാണ് ധോണി ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയത്. ജഡേജക്ക് കീഴിൽ പ്രകടനം മോശമായതോടെ ധോണി വീണ്ടും ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തു. കഴിഞ്ഞ സീസണിൽ ധോണിക്ക് കീഴിൽ കിരീടവും ചെന്നൈ സ്വന്തമാക്കി. ചെന്നൈയുടെ ഭാവി കൂടി കണക്കിലെടുത്താണ് നായക സ്ഥാനമൊഴിയാനുള്ള ധോണിയുടെ തീരുമാനം. ടീമിൽ തുടർച്ചയായി കളിക്കുന്ന ഇന്ത്യൻ താരങ്ങളിലൊരാളാണ് ഓപ്പണറായ ഋതുരാജ് ഗെയ്ക്വാദ്. പിന്നീടുള്ളത് പേസ് ബൗളർ ദീപക് ചഹാറാണ്. പക്ഷേ നറുക്ക് ഋതുരാജിനാണ് വീണത്. വിദേശ താരത്തെ നായകനാക്കാൻ ചെന്നൈ താത്പര്യപ്പെടുന്നില്ലെന്നതും തീരുമാനത്തിലൂടെ വ്യക്തമായി.
ധോണിയുടെ കീഴിൽ 14 സീസണുകളിൽ കളിച്ച ചെന്നൈ അഞ്ച് തവണ കിരീടം ചൂടിയിട്ടുണ്ട്. 10 തവണ ഫൈനലിലെത്തിയ ചെന്നൈയാണ് ഐപിഎല്ലിലെ സക്സസ്ഫുൾ ടീമായും അറിയപ്പെടുന്നത്. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതോടെ ധോണിയുടെ റോൾ എന്തെന്നതും ചർച്ചയാകുകയാണ്. ധോണി ഇംപാക്ട് പ്ലയറായി ടീമിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ വിക്കറ്റ് കീപ്പറുടെ അഭാവത്തിൽ ധോണി ടീമിലുണ്ടാകുമെന്നാണ് വിവരം. ധോണിയുടെ അവസാന ഐപിഎൽ സീണണെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ ധോണി എല്ലാ മത്സരങ്ങളിലും കളിക്കാനാണ് സാധ്യതയെന്നാണ് വിവരം.