തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയം സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കും. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്. ചട്ടലംഘനം കണ്ടെത്തിയാല്‍ അജിത് കുമാറിനെ ഉടന്‍ ചുമതലയില്‍ നിന്നും നീക്കുമെന്നാണ് റിപ്പോര്‍ട്ട്.
തൃശൂരില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെലെ, തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാവ് രാം മാധവ് എന്നിവരുമായിട്ടാണ് എഡിജിപി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടന്നിട്ടുണ്ടോ?, കൂടിക്കാഴ്ച എന്തിനു വേണ്ടി?, അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് ഡിജിപി അന്വേഷിക്കുന്നത്.എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് സിപിഎമ്മിനെ അലട്ടുന്ന വിഷയമല്ലെന്നും, ഉദ്യോഗസ്ഥന് എന്ന നിലയില്‍ കണ്ടുവെങ്കില്‍ അത് സര്‍ക്കാര്‍ നോക്കേണ്ട കാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയിരുന്നു.
എഡിജിപി എന്തിന് ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നുവെന്നും എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്നതുമൊക്കെ പുറത്തുവരേണ്ടതുണ്ടെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. എല്ലാ വസ്തുതകളും അന്വേഷണത്തില്‍ പുറത്തുവരണം. വിഷയത്തിൽ എഡിജിപി കുറ്റക്കാരനാണെങ്കില്‍ സ്ഥാനമാറ്റം മാത്രം പോരെന്നും നിയമ നടപടി വേണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പിവി അൻവര്‍ സ്വതന്ത്ര എംഎല്‍എ ആണെന്നും, നിയന്ത്രിക്കാൻ ആകില്ലെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു.