തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ എഡിജിപിയുടെ മൊഴി ഡിജിപി രേഖപ്പെടുത്തും. ചോദ്യങ്ങൾ എഴുതി നൽകി വിശദീകരണം തേടണോ അതോ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥത വഹിച്ച ആർഎസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ജയകുമാറിന്റെ കാറിലാണ് അജിത്കുമാർ ദത്താത്രേയ ഹൊസബളയേയും രാം മാധവിനെയും കാണാൻ പോയത്. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി അജിത്കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ബുധനാഴ്ചയാണ് നിർദേശമുണ്ടായത്. തൃശൂരിലും കോവളത്തുമായി ആർഎസ്എസിന്റെ രണ്ട് ദേശീയ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. കോവളത്ത് എഡിജിപിക്ക് ഒപ്പമുണ്ടായിരുന്നെന്നു സംശയിക്കുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.