തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക.
മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതില്‍ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലന്‍സിനും നല്കിയതിനാല് അവയില്‍ റിപ്പോര്‍ട്ട് ഉണ്ടായേക്കില്ല. ബാക്കി പരാതികളില്‍ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.ഇന്ന് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും.