തൃശൂർ: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപി എം.ആര്.അജിത്കുമാറിന്റെ റിപ്പോർട്ടിനോട് വിയോജിച്ച് ഡിജിപി. ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയത്.
ദേവസ്വങ്ങൾ ആസൂത്രിത നീക്കം നടത്തിയെങ്കിൽ അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതല്ലേയെന്ന് ഡിജിപി ചോദിച്ചു. പൂരത്തിന് മുമ്പുള്ള അവലോകനയോഗത്തില്‍ എഡിജിപി പങ്കെടുത്തതാണ്. പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിട്ടും എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ല.
റിപ്പോര്‍ട്ട് തയാറാക്കാന്‍ അഞ്ച് മാസമെടുത്തു. എന്തുകൊണ്ടാണ് ഇത്രയും കാലതാമസമെടുത്തതെന്നും ഡിജിപി വിമര്‍ശനം ഉന്നയിച്ചു.
പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയില്ലെന്നും ബാഹ്യ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നുമായിരുന്നു എഡിജിപി എം.ആർ.അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് . തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന്റെ നിലപാടുകളെ മാത്രം തള്ളിയ എഡിജിപിയുടെ റിപ്പോർട്ടിൽ അന്നു തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിനേയും അദ്ദേഹം തന്നെ ന്യായീകരിക്കുന്നുണ്ട്.ആർഎസ്എസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ. അജിത്കുമാറാണ് പോലീസിനായി പൂരം കലക്കിയതെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കേ അദ്ദേഹം തന്നെ നൽകിയ റിപ്പോർട്ട് ഇടതു മുന്നണിയുടെ ഘടകകക്ഷിയായ സിപിഐയും പ്രതിപക്ഷവും തള്ളിയിരുന്നു.