ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അന്വേഷണത്തിന് ഉത്തരവിട്ടു. എയർ ഇന്ത്യയോട് ഡിജിസിഎ വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തും. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും വിവരങ്ങൾ തേടിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി മുന്‍കരുതലെന്നോണം നിയുക്ത പ്രദേശത്ത് വിമാനം ഒന്നിലധികം തവണ വട്ടമിടുകയായിരുന്നു എന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവുണ്ടായത്.
പറന്നു പൊങ്ങിയതിന് പിന്നാലെ തകരാർ കണ്ടെത്തിയതോടെ വിമാനം താഴെ ഇറക്കാനുള്ള ശ്രമം തുടർന്നു. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ടര മണിക്കൂര്‍ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 8.10 നാണ് വിമാനം സേഫ് ലാന്‍ഡിങ് നടത്തിയത്.