ന്യൂഡല്‍ഹി : യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാത്തതില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.
ഡല്‍ഹി, കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങളില്‍ ഡിജിസിഎ പരിശോധന നടത്തിയിരുന്നു. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (സിഎആര്‍) മാനദണ്ഡങ്ങള്‍ എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് കാണിച്ച് കമ്പനിക്ക് നവംബര്‍ മൂന്നിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴയീടാക്കിയത്.
കാരണം കാണിക്കല്‍ നോട്ടിസിന് നല്കിയ മറുപടിയില്‍, എയര്‍ ഇന്ത്യ സി.എ.ആര് നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു. വിമാനം വൈകുന്ന സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യം ഒരുക്കുന്നതിലെ വീഴ്ച, ഗ്രൗണ്ട് സ്റ്റാഫിന് കൃത്യമായ പരിശീലനം നല്‍കുന്നതിലെ പോരായ്മ, ഇന്റര്‍നാഷണല്‍ ബിസിനസ് ക്ലാസിലെ യാത്രക്കാര്‍ക്ക് സേവനത്തിലെ വീഴ്ചക്ക് നഷ്ടപരിഹാരം നല്‍കുന്നതിലുണ്ടാകുന്ന താമസം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎ പിഴ ചുമത്തിയത്.