ബംഗളൂരു : ജെഡിഎസ്- എൻഡിഎ സഖ്യത്തിനു പിണറായി വിജയൻ സമ്മതം നൽകിയെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞു ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ഡി ദേവഗൗഡ. ജെഡിഎസ്- എൻഡിഎ സഖ്യത്തെ സിപിഎം അനുകൂലിക്കുന്നു എന്നു താൻ പറഞ്ഞിട്ടില്ലെന്നു ദേവഗൗഡ വ്യക്തമാക്കി.
കേരളത്തിൽ ഇപ്പോഴും ജെഡിഎസ് സംസ്ഥാന ഘടകം സംസ്ഥാന സർക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കർണാടകയ്ക്ക് പുറത്തുള്ള പാർട്ടി ഘടകങ്ങളുടെ കാര്യത്തിൽ ഇപ്പോഴും അഭിപ്രായ ഭിന്നതകൾ തുടരുന്നു. സിപിഎം നേതാക്കൾ അവരുടെ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കേണ്ടിരുന്നുവെന്നും ദേവഗൗഡ വ്യക്തമാക്കി.
കേരളത്തില്‍ ജെഡിഎസ് ഇടതു മുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ സമ്മതം തന്നതാണ് എന്നായിരുന്നു ദേവഗൗഡ പറഞ്ഞത്. എന്‍ഡിഎ സഖ്യത്തെ തമിഴ്നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേവഗൗഡയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. പിന്നാലെ ദേവഗൗഡയുടെ പ്രസ്താവനയെ അസംബന്ധം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് പിണറായി പറഞ്ഞു.
ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് തങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് തങ്ങളാരും ഉത്തരവാദികളല്ലെന്നും പിണറായി പറഞ്ഞിരുന്നു. പിന്നാലെയാണ് ദേവഗൗഡയുടെ യു ടേൺ.