


പത്തനംതിട്ട : ശബരിമല ആടിയ നെയ്യ് വിൽപ്പന ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ദേവസ്വം ബോർഡ് ജീവനക്കാരനും അരൂർ സ്വദേശിയുമായ സുനിൽ കുമാർ പോറ്റിയെ ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിലെ പതിമൂന്നാം പ്രതിയാണ് സുനിൽകുമാർ. 36 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കേസ്. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു വിജിലൻസ് അന്വേഷണം.
പത്തനംതിട്ട വിജിലൻസ് സംഘമാണ് അന്വേഷിക്കുന്നത്. ആകെ 33 പ്രതികളാണ് ഉള്ളത്. ബോർഡ് നെയ്യ് വിൽപ്പനക്ക് ചുമതലപ്പെടുത്തിയ ജീവനക്കാരനാണ് സുനിൽ കുമാർ പോറ്റി. കേസിൽ 13 -ാം പ്രതിയാണ് സുനിൽ കുമാർ പോറ്റി. കീഴ്ശാന്തിയായ ഇയാൾ ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് എത്തിയത്. ആടിയ നെയ്യ് വിൽപ്പന നടത്തുന്ന കൗണ്ടറിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചുകൊണ്ടാണ് ഇയാൾ ചട്ടവിരുദ്ധമായി ക്രമക്കേട് നടത്തിയത്. ദേവസ്വം വിജിലൻസ് ക്രമക്കേടിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 13000ത്തിലേറെ പാക്കറ്റ് നെയ്യ് വിറ്റതിന്റെ പണം ഇയാൾ അടച്ചില്ല. പത്തനംതിട്ടയിൽ നിന്നാണ് അറസറ്റ് ചെയ്തത്. പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.