കൊച്ചി : എമ്പുരാൻ സിനിമയിൽ നിന്ന് ഒഴിവാക്കിയ ഭാഗങ്ങളുടെ വിവരങ്ങൾ പുറത്ത്. സ്ത്രീകൾക്ക് എതിരായ അതിക്രമ സീനുകൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീനും വെട്ടി. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽദേവ് എന്നാക്കി. താങ്ക്സ് കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെയും ഒഴിവാക്കി. ചിത്രത്തിന്റെ റീ എഡിറ്റഡ് സെൻസർ രേഖ പുറത്ത്.
വില്ലൻ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിലും വെട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രം സയീദ് മസൂദും അച്ഛൻ മസൂദും തമ്മിലുള്ള സംഭാഷണവും ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ എൻഐഎ പരാമർശം മ്യൂട്ട് ചെയ്തത് അടക്കം 24 ഭാഗങ്ങളാണ് തിരുത്തിയത്.
ചിത്രത്തിലെ 17 ഭാഗങ്ങളാണ് കട്ട് ചെയ്യുക എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ നിന്നും രണ്ടു മിനുട്ട് ഭാഗമാണ് ഒഴിവാക്കുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിലെ പ്രധാന രംഗങ്ങളാണ് മുറിച്ചുമാറ്റിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ചിത്രത്തിലെ ഗുജറാത്ത് വംശഹത്യ ഓർമ്മപ്പെടുത്തുന്ന രംഗങ്ങളും ബിജെപി റെഫറെൻസുകളുമാണ് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അതെസമയം ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ചിത്രം പ്രിയപ്പെട്ടവരെ വേദനിപ്പിച്ചതിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിരുന്നു. വിവാദങ്ങൾ തുടരുമ്പോഴും ചിത്രം ആഗോളതലത്തിൽ ഇരുന്നൂറ് കോടിയിലേറെ ഇതിനോടകം നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന ചിത്രവും എമ്പുരാനാണ്.