തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
സംസ്ഥാന സർക്കാറിൻറെയും സിപിഎമ്മിൻറെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരൻ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വൻവിവാദമാകുന്നത്. കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻറെ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെൻററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു. ശക്തിധരൻറെ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തു. തനിക്കെതിരായി ഇനിയും സൈബർ ആക്രമണം തുർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് ശക്തിധരൻറെ മുന്നറിയിപ്പ്.