തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ എം എബ്രഹാമിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് റിട്ട ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ ഖേദം പ്രകടിപ്പിച്ചു. ജസ്റ്റിസ് കെമാല്‍ പാഷ വോയിസ് ‘ എന്ന സ്വന്തം യൂട്യൂബ് ചാനല്‍ വഴിയാണ് കെ എം എബ്രഹാമിനെതിരെ കെമാല്‍ പാഷ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ ഡോ കെ എം എബ്രഹാം അയച്ച വക്കീല്‍നോട്ടീസിനെ തുടര്‍ന്നാണ് കെമാല്‍ പാഷ വീഡിയോ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചത്. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയും ചെയ്തു.
വിജിലന്‍സ് തള്ളിക്കളഞ്ഞ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അധിക്ഷേപ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ കെമാല്‍ പാഷ സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 11 , 20 തീയതികളില്‍ അപ് ലോഡ് ചെയ്ത രണ്ടു വീഡിയോകളിലായാണ് കെമാല്‍ പാഷയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസില്‍ കെ എം എബ്രഹാമിനെതിരെ ‘കാട്ടുകള്ളന്’, ‘അഴിമതി വീരന്’, ‘കൈക്കൂലി വീരന്’ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും, ഉന്നതമായ ന്യായാധിപ സ്ഥാനത്തിരുന്ന കെമാല്‍ പാഷ വ്യക്തിപരമായ അധിക്ഷേപമാണ് നടത്തിയതെന്നും കെ എം എബ്രഹാം വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി കുംഭകോണമായ സഹാറയുടെ ക്രമക്കേടുകളും അഴിമതിയും പുറത്തുകൊണ്ടു വന്ന്, അതിനെതിരെ രാജ്യംകണ്ട ഏറ്റവും വലിയ പിഴത്തുകയായ 15000 കോടി രൂപ സഹാറയുടെ മേല്‍ ചുമത്തുന്നതിനും കാരണക്കാരനായ ഉദ്യോഗസ്ഥനാണ് താന്‍. ഇത്തരത്തില്‍ തന്റെ സേവനകാലയളവില്‍ ഉണ്ടാക്കിയ എല്ലാ സല്‍പ്പേരിനും കളങ്കം ചാര്‍ത്തി തന്റെ കുടുംബത്തിലും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിലായിരുന്നു ഒരു മുന്‍ന്യായാധിപന്‍ എന്ന നിലയില്‍ കെമാല്‍ പാഷയുടെ പരാമര്‍ശങ്ങളെന്ന് കെ എം എബ്രഹാം വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അധിക്ഷേപത്തിന് പരിഹാരമായി വീഡിയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും മുന്‍നിര പത്രങ്ങളിലടക്കം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും കെ എം എബ്രഹാം വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം 2കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ജസ്റ്റിസ് കെമാല്‍ പാഷ രണ്ട് വിവാദ വീഡിയോകള്‍ പിന്‍വലിക്കുകയും പരാമര്‍ശങ്ങളില്‍ അതിയായ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ എം എബ്രഹാമിന്റെ അഭിഭാഷകന് മറുപടി നല്‍കുകയും ചെയ്തിരിക്കുന്നത്. തനിക്ക് ഡോ.കെ എം എബ്രഹാമിനോട് വ്യക്തിപരമായ വൈരാഗ്യമില്ലെന്നും കേട്ടറിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ അദ്ദേഹം അഴിമതിക്കാരനാണെന്ന് കരുതി വീഡിയോ ചെയ്യുകയായിരുന്നു. അതിന്റെ അനന്തരഫലങ്ങള്‍ തിരിച്ചറിയുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും കെമാല്‍പാഷ മറുപടിയില്‍ പറയുന്നു.
കെ എം എബ്രഹാമിനെതിരെ ഒരു കണ്ടെത്തലും ഇല്ലാത്തതുകൊണ്ടും കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ടും, ഈ വിഷയത്തില്‍ താന്‍ ഒരു അഭിപ്രായവും പറയാന്‍ പാടില്ലായിരുന്നു. സുപ്രീംകോടതിയുടെ സ്റ്റേ വന്നതിന് ശേഷമായിരുന്നുവെങ്കില്‍ താന്‍ ഇങ്ങനെ ഒരു വിഡിയോ ചെയ്യില്ലായിരുന്നുവെന്നും കെമാല്‍ പാഷ മറുപടിയില്‍ പറയുന്നുണ്ട്. കെ എം എബ്രഹാമിന്റെ പരാതിയില്‍ പറയുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ താന്‍ നടത്തിയെന്നത് നിഷേധിക്കുന്ന കെമാല്‍ പാഷ പക്ഷേ രണ്ടു വീഡിയോകളും നീക്കം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. അതിനി തനിക്കും പോലും കാണാന്‍ കഴിയില്ലെന്നും കെമാല്‍പാഷ അറിയിച്ചു. ഇങ്ങനെ രണ്ട് വീഡിയോകള്‍ അപ് ലോഡ് ചെയ്തതില്‍ അതിയായ ഖേദം ഉണ്ട്. അത് സ്വീകരിച്ച് തുടര്‍ നിയമനടപടികളിലേക്ക് കടക്കരുതെന്നും കെമാല്‍പാഷ മറുപടിയില്‍ പറയുന്നു. ഭാവിയിലും കെ എം എബ്രഹാമിനെതിരെ വീഡിയോയോ ലേഖനമോ പ്രസിദ്ധീകരിക്കില്ലെന്നും കെമാല്‍ പാഷ മറുപടിയില്‍ ഉറപ്പ് നല്‍കുന്നുണ്ട്.